
ന്യൂഡൽഹി: 2023-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണം തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മാധ്യമപ്രവർത്തകൻ അലസാണ്ട്രോ സല്ലുസ്തിയുമായുള്ള ദീർഘസംഭാഷണങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ 'ജോർജിയാസ് വിഷൻ' എന്ന പുസ്തകത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ അവർ പങ്കുവയ്ക്കുന്നത്.
ന്യൂഡൽഹി സന്ദർശനത്തിനിടെ വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കുള്ള മുഴുവൻ വഴിയിലും ഏതാനും മീറ്ററുകൾ ഇടവിട്ട് തന്റെ ചിത്രത്തോടൊപ്പം 'സ്വാഗതം' എന്നെഴുതിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോണി പറയുന്നു. മടങ്ങുമ്പോൾ അതേ പോസ്റ്ററുകളിൽ 'സന്ദർശനത്തിന് നന്ദി' എന്ന സന്ദേശം കണ്ടതും തന്നെ ഏറെ ആകർഷിച്ചുവെന്നും അവർ കുറിച്ചു.
അന്നത്തെ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന ഉപപ്രധാനമന്ത്രി അന്റോണിയോ ടജാനി, "നിങ്ങൾ ന്യൂഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട് കിട്ടും" എന്ന് തമാശയായി പറഞ്ഞതും മെലോണി പുസ്തകത്തിൽ പരാമർശിക്കുന്നു.
2023-ൽ രണ്ടുതവണയാണ് മെലോണി ഇന്ത്യയിലെത്തിയത്. മാർച്ചിൽ റെയ്സിന ഡയലോഗിലും സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിലും അവർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദബന്ധത്തിന്റെ പേരിൽ ഇരുവരെയും സാമൂഹികമാധ്യമങ്ങളിൽ 'മെലോഡി' എന്ന വിശേഷണത്തിലാണ് ആരാധകർ വിളിച്ചിരുന്നത്.
നേതൃത്വം, ദേശീയത, കുടുംബം, വിശ്വാസം, ആഗോള രാഷ്ട്രീയം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകളാണ് 'ജോർജിയാസ് വിഷൻ' അവതരിപ്പിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ ഔപചാരിക ചർച്ചകൾക്കപ്പുറം വ്യക്തിപരമായ സൗഹൃദങ്ങൾക്കും അനുഭവങ്ങൾക്കും വലിയ പങ്കുണ്ടെന്നാണ് മെലോണിയുടെ വിലയിരുത്തൽ.
ടുണീഷ്യൻ പ്രസിഡന്റ് കൈസ് സയീദുമായി ഒരു സിഗരറ്റ് ഇടവേളയിൽ ആരംഭിച്ച സൗഹൃദം, അൽബേനിയൻ പ്രധാനമന്ത്രി എഡി രാമയുമായുള്ള അടുപ്പം, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചുമായി പങ്കിട്ട അനുഭവങ്ങൾ, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ കുടുംബവുമായി ബന്ധപ്പെട്ട ഓർമകൾ, പോളണ്ടിലെ 'ലോർഡ് ഓഫ് ദ റിങ്സ്' പ്രമേയത്തിലുള്ള കഫേ സന്ദർശനം എന്നിവയും പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.











